Friday, November 20, 2009
MALLOOS....and ADVERTISEMENT..
പരസ്യങ്ങള്‍ മാത്രമാണ് ഇന്നത്തെ ശരാശരി മലയാളി മനസ്സിന്‍റെ ചൂണ്ടു പലക. മേല്‍ പറഞ്ഞ തലവാചകവും മലയാളികളെ ആഴത്തില്‍ സ്വാധീനിച്ച ഒരു പരസ്യത്തിന്‍റെ അവസാന വാചകമാണ്. അതിന്‍റെ ആദ്യ വാചകങ്ങള്‍ മലയാളിമനസ്സിന് ഇന്ന് ഹൃദിസ്ഥമാണ്. ‘ഇപ്പോഴും ചെറുപ്പമാണെന്നാ വിചാരം’ എന്ന വാചകത്തില്‍ തുടങ്ങുന്ന ആ പരസ്യ വാചകമായിരുന്നു മുസ്‌ലി പവര്‍ എസ്‌ക്‌ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്നിനെ മലയാളിയുടെ ദിവ്യ ഔഷധമാക്കിയത്.
കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ കെ സി എബ്രഹാം എന്ന വ്യക്തിയെ ആഴ്ചകള്‍ക്ക് മുന്‍പുവരെ മലയാളിയുടെ ലൈംഗികശേഷി കൂട്ടാനായി അവതരിച്ച അവതാര പുരുഷനായി നിലനിര്‍ത്തിയതും ഈ പരസ്യവാചകം തന്നെ. ലൈംഗിക പീഡനങ്ങള്‍ക്കും ബലാത്സംഗക്കേസുകള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് എന്ത് കടലപ്പിണ്ണാക്ക് കലക്കി കൊടുത്താലും വാങ്ങിക്കുടിക്കുമെന്ന് മനസ്സിലാക്കിയെടുത്തിടത്താണ് എബ്രഹാം എന്ന വ്യവസായിയുടെ വിജയം.
ലൈംഗിക പ്രശ്നങ്ങളുള്ള 30 ലക്ഷം പേരുണ്ടെന്ന് കണക്കാക്കുന്ന മലയാള നാട്ടില്‍ ഏകദേശം 5000 കോടി രൂപയാണ് ഒരു വര്‍ഷം ലൈംഗിക ഉത്തേജക മരുന്നുകള്‍ക്കായി ചെലവഴിക്കുന്നത്. നാട്ടില്‍ തുടങ്ങുന്ന ഏതു വ്യവസായത്തെയും സംശയ കണ്ണോടെ വീക്ഷിക്കുന്ന മലയാളി മനസ്സ് എബ്രഹാമിനെ തങ്ങളുടെ രക്ഷകനായാണ് കണ്ടതെന്ന് നാലു വര്‍ഷം കൊണ്ട് മുസ്‌ലി പവര്‍ നേടിയ വളര്‍ച്ച വ്യക്തമാക്കുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ മാധ്യമങ്ങളില്‍ രണ്ട് കോളം വലിപ്പത്തില്‍ ‘ലൈംഗികശേഷി കൂട്ടാന്‍ നായ്ക്കുരണപരിപ്പ്’ എന്ന തലക്കെട്ടില്‍ വന്നിരുന്ന പരസ്യങ്ങള്‍ മുസ്‌ലി പവറിന്‍റെ വരവോടെ അപ്രത്യക്ഷമായി. പകരം മുസ്‌ലി പവറിന്‍റെ എട്ടു കോളം പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. പരസ്യങ്ങളിലൂടെ എത് കോഴി കാഷ്ഠത്തെയും ദിവ്യ ഔഷധമാക്കാന്‍ കഴിയുമെന്ന് എബ്രഹാം മുസ്‌ലി പവറിന്‍റെ പരസ്യത്തിലൂടെ മലയാളിക്ക് കാണിച്ചുകൊടുത്തു.
ലൈംഗികതയോടും ലൈംഗിക പ്രശ്നങ്ങളോടുമുളള മലയാളിയുടെ സമീപനത്തിലെ പൊള്ളത്തരങ്ങള്‍ കൂടിയാണ് എബ്രഹാം നമുക്കുമുന്നില്‍ തുറന്നുവെച്ചത്. മുസ്‌ലി പവര്‍ പോലൊരു മരുന്ന് കഴിച്ച് ലൈംഗിക ശേഷി കൂടി എന്നു ചിലപ്പോള്‍ മലയാളി പറഞ്ഞേക്കാം. എന്നാലും തനിക്ക് ലൈംഗിക ശേഷികുറവുണ്ടെന്ന് തുറന്നു പറയാനോ അതിനായി മരുന്നു കഴിച്ചിട്ടും പ്രയോജനമില്ലെന്ന് വെളിപ്പെടുത്താനോ മലയാളി മനസ്സിലെ ഈഗോ സമ്മതിക്കില്ലെന്ന് എബ്രഹാം നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെയാണ് ഇതുവരെയും മുസ്‌ലി പവറിനെതിരെ ആരും ഒരക്ഷരവും മിണ്ടാതിരുന്നതും എബ്രഹാമിന്‍റെ കച്ചവടം പൊടിപൊടിച്ചതും. എല്ലാം തുറന്നുകാട്ടുന്നുവെന്ന് അവകാശപ്പെടുന്ന നമ്മുടെ മാധ്യമങ്ങളെ എങ്ങിനെ ചൂണ്ടുവിരലില്‍ നിര്‍ത്താമെന്നും എബ്രഹാം മലയാളിക്ക് വ്യക്തമാക്കി തന്നു.
2008 ജൂലൈ ഒമ്പതിന് ഹിന്ദു ദിനപത്രമായിരുന്നു മുസ്‌ലി പവറിനെതിരെ ആദ്യ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വിജയവാഡയില്‍ നടത്തിയ റെയ്ഡില്‍ മുസ്‌ലി പവര്‍ എക്സ്ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്ന് ഡ്രഗ് കണ്ട്രോളര്‍ ഇന്‍സ്പെക്‌ടര്‍ റെയ്ഡ് ചെയ്തു പിടിച്ചു എന്നായിരുന്നു ആ വാര്‍ത്ത. വാര്‍ത്ത വന്നത് ഹിന്ദുവിലായതുകൊണ്ടും സംഭവം നടന്നത് വിജയവാഡയിലായതിനാലും നമ്മുടെ മാധ്യമങ്ങള്‍ സംഭവം അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞ ഭാവം നടിച്ചില്ല.
അടുത്തിടെ മൂവാറ്റുപുഴയിലെ മുസ്‌ലി പവര്‍ നിര്‍മാണകേന്ദ്രത്തില്‍ ഡ്രഗ് കണ്ട്രോള്‍ ഇന്‍സ്പെക്‌ടര്‍ നടത്തിയ റെയ്ഡും മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും വിഷമയമേ ആയില്ല. അല്ലെങ്കിലും അതൊന്നും വാര്‍ത്തയാക്കാന്‍ അവര്‍ക്കാവില്ല. കാരണം പരസ്യത്തിനു മേലേ വാര്‍ത്തയും പറക്കില്ലെന്നാണ് മാധ്യമ മുതലാളിമാര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ മുസ്‌ലി പവറിന്‍റെ വാര്‍ഷിക വിറ്റുവരവ് 23 കോടി ആയിരുന്നു. ഈ വര്‍ഷം 100 കോടി രൂപയാണ് ലക്‍ഷ്യം. അടുത്തവര്‍ഷം 1500 കോടി എന്നൊക്കെ വായനക്കാരെ അറിയിക്കാന്‍ വെണ്ടക്ക അക്ഷരത്തില്‍ അച്ചു നിരത്തിയവരാണ് ഈ മാധ്യമങ്ങള്‍ എന്നോര്‍ക്കണം.
എന്തായാലുമിപ്പോള്‍ മുസ്ലീ പവര്‍ പ്രതിക്കൂട്ടില്‍ കയറിക്കഴിഞ്ഞു. മരുന്നിനെതിരെ സര്‍ക്കാര്‍ നടപടികളും നടന്നുകൊണ്ടിരിക്കുന്നു. ഇത്രയൊക്കെ ആയാലും നാളെ വേറൊരു പേരില്‍ വേറൊരു വിദ്വാന്‍ പുതിയൊരു കബളിപ്പിക്കലുമായി അവതരിക്കും. എയ്‌ഡ്സിന് മരുന്നെന്ന് പറഞ്ഞ് കോടികള്‍ സമ്പാദിച്ച മജീദിനെപ്പോലെ. അവിടേക്കും ഒഴുകും ലക്ഷക്കണക്കിന് മലയാളിപ്പണം. കാരണം ഇതില്‍ നിന്നൊന്നും നമ്മളൊന്നും പഠിക്കില്ലെന്ന് ഇന്നാട്ടിലെ എബ്രഹാമിനും മജീദിനും സന്തോഷ് മാധവനുമെല്ലാം അസലായി അറിയാം!
Courtesy: Dr. K. T. ASHIQ
Subscribe to:
Post Comments (Atom)
Anubhavam Guru
ReplyDeleteഭലേ ഭേഷ് !!! സ്വന്തം അബദ്ധങ്ങള്‍ തുറന്നെഴുതി മല്ലു വിന്റെ ഈഗോ യെ കുരിശിലേറ്റിയ തമ്പി അളിയന് അഭിനന്ദനങ്ങള്‍... അവസാനം എല്ലാം ഒരു പാവം Drഉടെ തലയില്‍ കെട്ടി വെക്കാനുണ്ടായ ശ്രമം മാത്രം ഒരു പക്കാ മല്ലുവിന്റെതായിപ്പോയി....
ReplyDelete